കറിവേപ്പില
വാതിൽക്കലെന്നോ നീ ഭയന്നു നിന്നു,
അനാഥൻ, ലോകത്തിലൊറ്റപ്പെട്ടൊരീ ഞാൻ.
കൈനീട്ടി നീയെന്നെ മാറോടു ചേർത്തു,
അന്നം, തുണ, പിന്നെയാ വാത്സല്യം!
അടുക്കളപ്പുറത്തെ കറിവേപ്പില പോൽ,
കറികളിൽ ചേർന്നു ഞാൻ, ഗന്ധമായ്, രുചിയായ്.
കളിച്ചു, ചിരിച്ചു, വളർന്നു ഞാൻ നിന്നോടൊപ്പം,
ആ വീടിന്നകമെൻ ജീവനായ് മാറി.
ഇഷ്ടമുള്ള കറികളിൽ വലിച്ചൂരി ഇട്ടു,
എനിക്കിഷ്ടവിഭവങ്ങൾ വിളമ്പി തന്നു.
അല്ലെങ്കിൽ ഓമനപ്പേരുകളാൽ വിളിച്ചു,
ആ സ്നേഹത്തിൽ ഞാൻ എല്ലാം മറന്നു.
ഞാൻ വരുമ്പോഴെല്ലാം പായസം വെച്ചു,
എനിക്കുള്ള പ്രാധാന്യം അന്നെന്നറിഞ്ഞു.
എന്നിട്ടുമെൻ ഇഷ്ടങ്ങളെ അവർ മാറ്റി നിർത്തി,
അന്ധമായ സ്നേഹത്തിൽ ഞാൻമതി മറന്നു ആ രാഗത്തിൽ മുഴുകി നിന്നു.
ഒരുനാൾ വസന്തം മനസ്സിൽ പൂത്തു,
നിൻ മകൾ, പ്രണയം മൊഴിഞ്ഞെൻ കാതിൽ.
ചെമ്പനീർ പൂക്കൾ പോൽ തിളയ്ക്കും പ്രണയം,
പ്രാണനെപ്പോലും മറന്നൊരാ നിമിഷം!
ഇരുപേരും കൈകോർത്തു പോയൊരാ സ്വപ്‌നവീഥികളിൽ,
ആനന്ദം മാത്രം, മറ്റൊന്നുമില്ല.
എൻ പ്രാധാന്യം കണ്ടു, അസൂയ പൂണ്ടു,
കിഴങ്ങ്ബന്ധുക്കൾ മെല്ലെ കഥകൾ മെനഞ്ഞു.
ഗൂഢാലോചനതൻ വിഷം കലർത്തി,
എനിക്കായ് നെയ്തൊരു പന്തൽവല മുറുക്കി.
പെട്ടെന്നു പാഞ്ഞെത്തി കൊടുങ്കാറ്റൊടുവിൽ,
ചോദ്യങ്ങളായ്, സംശയങ്ങളായ്, ഭാവിയോർത്ത്.
"ഒഴിഞ്ഞുപോകൂ നീ, എങ്ങും തിരിയാതെ,"
ചൂണ്ടിയ കൈകളിൽ കാരുണ്യമില്ല.
മറ്റൊരു കറിവേപ്പില പോലെ അവർ എന്നെയും മാറ്റീ,
ഉപയോഗം തീർന്നൊരു ചണ്ടിയായ് തള്ളി!
പിന്നീടെൻ നേർക്കവൾ മുഖം തിരിച്ചു,
ചിരി മാഞ്ഞു, നോട്ടം ശൂന്യമായി.
മിണ്ടാതെ, മിണ്ടാതെ അകന്നു നിന്നവൾ,
അപരിചിതയെപ്പോൽ മാറിയെൻ പ്രണയിനി.
ഹൃദയം നുറുങ്ങിയ നിമിഷങ്ങളേറെ,
എന്തെന്നറിയാതെ ഞാൻ തളർന്നു നിന്നു.
ഹൃദയം പിളർന്നു ഞാൻ, കണ്ണുനീർ വറ്റി,
ഉള്ളുരുകി, ശൂന്യനായ് നടന്നകന്നു.
വറചട്ടിയിൽ കിടന്നു തിളച്ചതിനേക്കാൾ,
വേദനയെന്നെ ചുട്ടെരിച്ചൂ പുറത്ത്.
ഒരു നോക്ക് നിന്നെ കാണുവാൻ മാത്രം,
സഞ്ചിയും തൂക്കി പലവുരു പോരുന്നു ഞാൻ.
തെക്കു വടക്കങ്ങെൻ സഞ്ചിയിലേറി,
നീയതൊന്നും കാണുന്നില്ലല്ലോ പ്രിയേ.
നിനക്കു കിട്ടിയ പുതിയ വിഭവങ്ങളിൽ,
എൻ പേരില്ലെങ്കിലും, ഞാൻ വരാറുണ്ടിന്നും.
വല്ലപ്പോഴും നിൻ ചാരെ, നീ അറിയാതെ,
ധൂളിയായ് പറന്ന്, കാറ്റിൻ്റെ കൈകളിൽ.
ഇന്നും മണക്കുന്നുണ്ട് കറിവേപ്പില ഗന്ധം,
ഉപേക്ഷിച്ചൊരാ ഓർമ്മ മായാതെ നെഞ്ചിൽ.