നാവേ, നീയൊരു പ്രശ്നക്കാരൻ
എന്റെ നാവൊരു പ്രശ്നക്കാരൻ,
മര്യാദ ലേശം പോലുമില്ലാത്തവൻ;
പല്ലിന്റെ കടി വല്ലപ്പോഴും കൊള്ളും,
എന്നാലും പ്രകടനം അതിഗംഭീരം!
വളയും, വഴങ്ങും, വഴുതിവീഴും,
ചുരുണ്ടും ഇഴഞ്ഞും ചാടിനടക്കും;
പല്ലുകൾക്കുള്ളിൽ ഒളിച്ചിരുന്നിട്ട്
അണ്ണാക്കിനപ്പുറം എത്തിനോക്കും!
അതിരുകളില്ല, നിയമവുമില്ല,
വടക്കും തെക്കും കിഴക്കും പടിഞ്ഞാറും-
തന്റെ വഴിയേ പോകുമിവൻ,
തടയാൻ നോക്കിയാൽ തെന്നിമാറും!
മനസ്സ് ചിന്തിച്ചുതീരുന്നതിന് മുമ്പേ
വാക്കുകൾ പാഞ്ഞുപുറത്തുവരും;
ഒരു മനുഷ്യനെ ആകാശത്തോളം
പുകഴ്ത്തി മേഘങ്ങൾക്കുമേൽ കയറ്റും.
അഹന്തയുടെ സിംഹാസനത്തിൽ
കിരീടമണിയിച്ചിരുത്തിയിട്ട്,
അടുത്ത നിമിഷം അതേ മനുഷ്യനെ
അഗാധതയിലേക്ക് തള്ളിയിടും!
പുകഴ്ത്തും, വാഴ്ത്തും, വശീകരിക്കും,
അപരിചിതനെ സ്വന്തമാക്കും;
പിന്നെ വാക്കുകളിലെ വിഷം കലർത്തി
വിശ്വാസത്തിന്റെ വേരറുക്കും.
വാളിനേക്കാൾ മൂർച്ചയുള്ളത്,
ഉരുക്കിനേക്കാൾ കൂരമുള്ളത്;
ശബ്ദമില്ലാതെ മുറിവേൽപ്പിക്കും,
കാലം കഴിഞ്ഞാലും പാട് മായില്ല.
വാൾ ഊരേണ്ട കാര്യമില്ല,
കുന്തമൊന്നും കൈയിൽ വേണ്ട;
ഒരൊറ്റ വാക്യം മതി ചിലപ്പോൾ-
സമാധാനമുള്ള ഹൃദയം
വെറുപ്പിലും ഭയത്തിലും ഉണരാൻ!
നുണയിലേക്ക് വളഞ്ഞുചേരും,
കണ്ണുകളെയും കബളിപ്പിക്കും;
ഇരുട്ടിൽ ഒളിച്ചൊരു വഞ്ചകനെപ്പോൽ
പതുക്കെ ചൊല്ലി തീപ്പൊരി വിതറും.
അപവാദത്തിന്റെ അപ്പവും തിന്നും,
അഹങ്കാരത്തിന്റെ തീയിൽ വളരും;
ചെവിയിൽനിന്ന് ചെവിയിലേക്കോടി
ഒരു രഹസ്യം ലോകമാക്കും.
വിശ്വസിച്ച ഹൃദയത്തെ ചതിക്കും,
ഏറ്റവും അടുത്തവനെയും വഞ്ചിക്കും;
പ്രണയികളെ വേർപെടുത്തും,
സൗഹൃദത്തിന്റെ പാലം തകർക്കും.
വീടുകളിൽ തീ കൊളുത്തിയിട്ട്
ചാരമായി മാറുന്നതു നോക്കും;
ചാരത്തിനിടയിൽ പേരെഴുതിയാലും
“ഞാനൊന്നും പറഞ്ഞില്ല” എന്നു പറയും!
തസ്കരവേഷം കെട്ടിയെത്തി
കണ്ണുംപൂട്ടി കളവു പറയും;
താന്തോന്നിയെന്നു പേരിടും,
തന്തയില്ലാത്തവനെന്നും വിളിപ്പിക്കും;
ഒരു മനുഷ്യന്റെ പേരും മാനവും
വാക്കുകൊണ്ടുതന്നെ കവർന്നെടുക്കും!
പെണ്ണിന്റെ നാവ് ഉറുമിത്തലയേക്കാൾ
മൂർച്ചയുള്ളതെന്ന് പഴമ പറയും;
ആണിന്റെ നാവിലോ വഴക്കമില്ല-
കല്ലുപോലെ ചിലപ്പോൾ നിൽക്കും!
ഗ്രഹപ്പിഴ വന്നൊരു വേളയിൽ
നാവുദോഷം പേരുദോഷമാകും;
അശ്രദ്ധയായി പറഞ്ഞൊരു വാക്ക്
അന്യായമായൊരു അപമാനമാകും.
പറഞ്ഞാൽ അറംപറ്റും കരിനാക്കുകൾ
ഇന്നുമുണ്ടോ ഈ ഭൂമിയിൽ?
മുൻതലമുറകളുടെ പേടിപ്പെടുത്തുന്ന
പഴംകഥകളിൽ മാത്രം അല്ല-
ഇന്നും വാക്കുകൾ നിഴലായി
മനുഷ്യർക്കിടയിൽ സഞ്ചരിക്കുന്നില്ലേ?
എത്ര ജീവിതങ്ങൾ കണ്ണീരിൽ മുങ്ങി,
എത്ര ഹൃദയങ്ങൾ ചോരയൊഴുക്കി!
ഒരു നിമിഷം പറഞ്ഞ വാക്കിനുവേണ്ടി
എത്ര വർഷങ്ങൾ പശ്ചാത്താപമായി!
അടങ്ങിനിൽക്കാത്തൊരു നാവിനാൽ
എത്ര കുടുംബങ്ങൾ തകർന്നുപോയി!
പ്രതീക്ഷയും സ്നേഹവും സമാധാനവും
എത്ര ജീവിതങ്ങളിൽനിന്ന് ഒഴിഞ്ഞുപോയി!
മാംസത്തിനുള്ളിൽ മറഞ്ഞിരിക്കുന്ന
കള്ളനാണിവൻ, വഞ്ചകനാണിവൻ;
ശരീരത്തിലെ ചെറു ചലനമെങ്കിലും
ആത്മാവിന്റെ രഹസ്യം വെളിപ്പെടുത്തും.
കാലുകളില്ല,എന്നിട്ടും ദൂരെയെത്തും;
കൈകളില്ല,പേരുകൾ കവർന്നെടുക്കും;
വാളില്ല,ആഴത്തിൽ മുറിവേൽപ്പിക്കും;
തീയില്ല,ലോകം തന്നെ കത്തിക്കും!
വളയും, വഴുതും, കപടം കാട്ടും,
അഹങ്കരിക്കും, വിധിയും പറയും;
നുണ പറയുന്ന ഒരേയൊരു ചലിക്കുന്ന
അവയവം,അതും ഞാൻ തന്നെയെന്ന്
നാവ് അഭിമാനത്തോടെ പറയും!
ഓ നാവേ, ചെറുതാണെങ്കിലും
നിനക്കുള്ള ശക്തി ചെറുതല്ല;
നിന്റെ മന്ത്രവാക്കുകൾക്കു വേണ്ടി
എത്ര ബന്ധങ്ങളാണ് വിലയായത്?
എത്ര മനുഷ്യർ തിരിച്ചറിഞ്ഞു-
വാക്കുകളുടെ നഷ്ടം എത്ര വലുതെന്ന്!
നീ സംസാരിച്ചാൽ പ്രത്യാഘാതം,
നീ ആജ്ഞാപിച്ചാൽ അനുസരണം;
എന്നാൽ നിന്റെ വാക്കുകൾ കീറിമുറിച്ച
ഹൃദയങ്ങളെ ആര് കൂട്ടിയിണക്കും?
അതുകൊണ്ട്, നാവേ, പറന്നുയരുന്നതിന് മുമ്പ്
ഒന്നു സത്യം ചോദിച്ചുനോക്കൂ;
ചുണ്ടുകൾ തുറക്കുന്നതിന് മുമ്പ്
കരുണയോട് അനുവാദം ചോദിക്കൂ;
വിവേകം കൂടെയുണ്ടെങ്കിൽ മാത്രം
വാക്കുകൾക്ക് പുറത്തേക്കുള്ള വഴി കൊടുക്കൂ.
പുറത്തുവന്ന വാക്കുകളെ
തിരികെ വിളിക്കാൻ വഴിയില്ല;
അമ്പുപോലെ പറന്നുപോയാൽ
കൈകൊണ്ട് പിടിക്കാനുമാവില്ല.
“ക്ഷമിക്കണം” എന്നു പിന്നെ പറഞ്ഞാലും
മുറിവ് ഉടൻ മായണമെന്നില്ല;
നിഷേധിച്ചാലും, വിശദീകരിച്ചാലും
വാക്കുകൾ മരിച്ചുപോകുകയുമില്ല—
അവ കേട്ട ഹൃദയങ്ങളിൽ
അവ ജീവിച്ചുകൊണ്ടേയിരിക്കും.
അതുകൊണ്ട് സംസാരിക്കാൻ പഠിക്കൂ,
മിണ്ടാതിരിക്കാനും പഠിക്കൂ;
എല്ലാ സത്യവും പറയേണ്ടതില്ല,
എല്ലാ ചിന്തയും വാക്കാകേണ്ടതുമില്ല.
ചില മൗനങ്ങൾ ദൗർബല്യമല്ല-
അവ ഒരു ജീവന്റെ കാവലാണ്.
നിനക്കുണ്ട് രണ്ടു കാവൽക്കാർ-
മുന്നിൽ ചുണ്ടുകളും പിന്നിൽ പല്ലുകളും;
നിന്റെ അതിരില്ലാത്ത യാത്രയ്ക്ക്
പ്രകൃതിയിട്ട രണ്ടു മണിപ്പൂട്ടുകൾ
വാളൊരു ശരീരം മുറിച്ചേക്കാം,
നാവൊരു തലമുറയെ മുറിച്ചേക്കാം;
ഒരു വാക്ക് കലഹം വിതച്ചാൽ
അതിന്റെ ചാരം വർഷങ്ങൾ നിലനിൽക്കും.
അതുകൊണ്ട്, എന്റെ നാവേ,
പതുക്കെ സംസാരിക്കൂ, സൂക്ഷിച്ചുപറയൂ;
ദയ ഓരോ വാക്കിലും കലരട്ടെ,
സത്യം ഓരോ ശ്വാസത്തിലും നിലനിൽക്കട്ടെ.
നിനക്ക് മുറിവേൽപ്പിക്കാനും കഴിയും,
മുറിവുണക്കാനും കഴിയും;
നിനക്ക് മനുഷ്യനെ തകർക്കാനും കഴിയും,
അതേ വാക്കുകൊണ്ട് ഉയർത്താനും കഴിയും.
ഒടുവിൽ ചുണ്ടുകൾ നിശ്ചലമാകുമ്പോൾ
നിന്റെ വാക്കുകൾക്ക് കാവലാകട്ടെ ജ്ഞാനം;
ഇച്ഛാശക്തിയാൽ കാത്തുവച്ച മൗനം
ഒരുപക്ഷേ മറ്റൊരു ജീവനെ രക്ഷിച്ചേക്കാം.
ഓ നാവേ-
ചെറുതെങ്കിലും എത്ര ശക്തി!
അനുഗ്രഹിക്കാനും കുറ്റപ്പെടുത്താനും
എത്ര വേഗം നീ!
അതുകൊണ്ട് എന്നും ഓർക്കുക-
വാൾ ഏൽപ്പിച്ച മുറിവ് കാലം മായിച്ചേക്കാം;
വാക്ക് ഏൽപ്പിച്ച മുറിവ് കാലത്തെയും അതിജീവിച്ചേക്കാം.
ഒരിക്കൽ പറഞ്ഞ വാക്ക് തിരിച്ചെടുക്കാനാവില്ല-
അതുണ്ടാക്കിയ കണ്ണുനീരും
അതിന്റെ പാടും
നിന്നേക്കാൾ ദീർഘകാലം ജീവിച്ചേക്കാം.
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ