മടങ്ങിവരാത്ത പടിയിറക്കം
നമ്മുടെ ജീവിതത്തിൽ ചിലർ ഉണ്ടാകും , പകരം വയ്ക്കാനാവാത്തവർ.
ഒരിക്കൽ എത്രമാത്രം പരസ്പരം ചേർന്ന് ജീവിച്ചിരുന്നവർ,
ഒരു ശബ്ദം പോലും കേൾക്കാതെ ഇരിക്കാൻ മനസില്ലാത്തവർ,
മുഖത്ത് ചെറു വാടൽ കണ്ടാൽ അതിന്റെ കാരണങ്ങൾ തേടി ഉറ്റുനോക്കുന്നവർ.
ലോകം മുഴുവൻ എതിർത്താലും, അവരുടെ ഒറ്റസാന്നിധ്യം മതിയാകും —
ധൈര്യമായി നിൽക്കാൻ, ജീവിക്കാൻ, ശ്വാസം എടുക്കാൻ.
പക്ഷേ, ഒരുനാൾ അവർ ഇല്ലാതാകും...
മടങ്ങിവരാത്ത ഒരു നാട്ടിലേക്കു യാത്രപോകും.
ഒരു അർദ്ധരാത്രിയിൽ പെട്ടെന്ന് വിളക്കുകൾ അണഞ്ഞതുപോലെ,
വിജനമായ വഴികളിൽ ഒറ്റപ്പെട്ടുപോകും മനസ്സ്.
മറവിയുടെ മേഘം തൊടാനാവാത്ത ഇടത്ത്,
അവൻ എപ്പോഴും അദൃശ്യസാന്നിധ്യമായി കൂടെയുണ്ടാവും.
ഒരു വിളിക്ക് അപ്പുറം അവൻ ഇല്ലെന്ന തിരിച്ചറിവ് —
അത് വാക്കുകൾക്കതീതമായ വേദനയാണ്.
മറുപുറം ഇല്ലാത്ത ബന്ധം, രണ്ടാമൂഴമില്ലാത്ത അനുഭവം.
ഒരു ദിവസം, പരുന്ത് ചിറകു വിരിച്ചു പറന്നുപോയതുപോലെ,
അവൻ മറവിയുടെ മേഘത്തിലേക്ക് മറഞ്ഞുപോയി.
പിന്നെ അവനുവേണ്ടി കാത്തുനിൽക്കുന്ന ചില ജീവിതങ്ങൾ —
ശൂന്യതയിലായി നിലവിളിക്കുന്നു.
വേനലും, മഞ്ഞും, മഴയും ചേർന്ന വർഷങ്ങൾ പിന്നിട്ട്,
ജീവിതം എത്ര മുഖംമാറി!
നീ ഇല്ലാത്ത ശൂന്യതയിൽ എത്ര അനീതികൾ, എത്ര നഷ്ടങ്ങൾ.
ആരും നമ്മെ മനസ്സിലാക്കിയില്ല, ആരോ തള്ളിപ്പറഞ്ഞു,
ചിലർ പിന്മാറി പോയി — മറുപടി ഇല്ലാതെ.
പുറകോട്ട് നോക്കുമ്പോൾ ഉത്തരം കിട്ടാത്ത
അനവധി ചോദ്യങ്ങൾ മിണ്ടാതിരിക്കുന്നു.
കനൽ പോലെ ജ്വലിക്കുന്ന ഓർമ്മകളിൽ വെന്ത് നീറി,
കാലം മായ്ക്കാൻ കഴിയാത്ത മുറിവുകൾക്കിടയിലൂടെ
നീ വീണ്ടും ഉയർന്നു വരുന്നു —
സ്വപ്നങ്ങളിൽ, ശബ്ദത്തിൽ, കാറ്റിന്റെ താളങ്ങളിൽ.
ലോകം വിട്ടുപോയ ദിനം ഇന്നും എന്റെ ഉള്ളിൽ പതിഞ്ഞിരിക്കുന്നു —
ഒന്നുമറന്നിട്ടില്ലാത്ത ഇന്നലെയായി.
മടങ്ങിവരാത്ത പടിയിറക്കം,
അഗ്നിചിറകുള്ള ഓർമ്മകളിൽ എന്നും നീയുണ്ട്…
.jpg)
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ