വേഴാമ്പൽ :ചിറകറ്റ യാത്രയുടെ അന്ത്യം
ഞാനൊരു വേഴാമ്പലേകാകി , കാടിൻ്റെയന്തരാളേ,
വന്യമാം ശാന്തതയിൽ കേഴുമൊരൊറ്റയാൾപോൽ.
എൻ മരക്കൂട് ചില്ലയിൽ, പ്രഭാതമോരോർമ്മയായ്,
കൊക്കിലെൻ മോഹങ്ങൾ, ദാഹമോ പ്രാണനിൽ.
പ്രകൃതിഗുരുവിൻ പാഠങ്ങൾ – വെയിലും
മഴയുമൊരുപോൽ, ബന്ധങ്ങൾ വേരായ്.
അമൃതുലസുമേ സ്നേഹത്തിൻ സാരമാം
അഖിലവുമെൻ ജീവിത പാഠമായ്.
അതു തരുനിര നീങ്ങി, മായയാൽ മൂടുമെൻ
മിഴികളൊരു നാൾ മാനുഷനായ്.
മതിഭ്രമമെന്നിൽ, മോഹത്തിൻ ഭാരവും,
കരയുമൊരു നേരം, കലപിലയായ് നഗരം.
ബന്ധനമിവ പാശങ്ങളായ് പ്രതീക്ഷയാൽ,
മഴവിലൊളിയായ് കാർമേഘമായി.
ചിരിയുടെ പിന്നിൽ കണ്ണീരൊളിപ്പിച്ചു,
ദുരിതമൊരു പോൽ മായയായ് ഞാൻ.
കരിവളയിടും മോഹങ്ങൾ മണ്ണിലായ്,
അടിമുടി പൊഴിയും കാലത്തിൻ തേരിൽ.
തളർന്നു മനം, കാൺമൂ ദൂരയാം നീല-
വിശാലമാം ദിവ്യ വരപ്രസാദം.
അതിരുകളകന്നൂ മുക്തിയാം സത്യമേ,
തകരുമിരുളിൻ കടലിൽ കപ്പലേറി.
ഇതാ ഞാനൊരു പക്ഷിയാകാശം പുൽകു-
മെൻ ചിറകുകൾ വിടർന്നു ഭയമറ്റുപോയ്.
കനിവൊഴുകുമെന്നോർമ്മകൾ മാഞ്ഞുപോയ്,
ഇനിയെൻ കൂടും ഭാരവും ദൂരമായ്.
അലകടലലയായ്, കാറ്റിന്റെ ഗാനമായ്,
സ്വാതന്ത്ര്യമെന്നിൽ ശാന്തമായ് തങ്ങി.
അനന്തമാം യാത്രയിൽ മായുന്നൂ തീരങ്ങൾ,
അഖിലവുമവസാന സന്ധ്യയിലെൻ ലയം.
തിരികെ വരാനാകാ ദൂരമാ തീരമെൻ,
ഓർമ്മകൾ കാറ്റിൽ മാഞ്ഞുപോയ് ദൂരെ.
കഴിഞ്ഞ വഴികൾ പൂക്കളു മായുന്നു,
നിറുളുമീ ജീവിതം മാഞ്ഞുപോയ് ദൂരെ.
പുനർജ്ജനിയില്ലെൻ ചിന്തകൾക്കിനി,
ഹൃദയമൊരുപോൽ നോവായി മാഞ്ഞുപോയ്.
വെറുതെയൊരോർമ്മ, നിസ്സാരമായ ശൂന്യത,
യിനിയുമെൻ യാത്ര, അനന്തമാം മോക്ഷം.