താംബൂല സ്മൃതി: മധുരമീ ഓർമ്മകൾ
അകലെയാ മാമരച്ചില്ലയിൽ നിന്നൊരു
കുയിലിൻ്റെ ഗാനം മുഴങ്ങീടുമ്പോൾ,
ഹൃദയത്തിൻ കോണിലെ മായാത്തൊരോർമ്മതൻ
ചെല്ലം തുറന്നു ഞാൻ നോക്കിടുന്നു!
എങ്കിലും, കണ്ണുകളിടറിപ്പോകുന്നു,
ശൂന്യമാണെൻ്റെയാ വെറ്റിലച്ചെല്ലം!
ഒരു കാലം, തറവാടിൻ മുറ്റത്തു പൂത്തൊരാ
മുല്ലവള്ളിക്കുടിലിൽ, സന്ധ്യയിൽ,
മുത്തശ്ശൻ്റെ കണ്ണുകൾ, വാത്സല്യത്താൽ തിളങ്ങീ,
ചുണ്ടിൽ മുറുക്കിൻ്റെ ചുവപ്പൂറുമ്പോൾ.
അടുക്കളത്തിണ്ണയിൽ, കല്ലും കുഴവിയും,
മുത്തശ്ശി മെല്ലെ എടുത്തീടുന്നു;
പാക്കിടി ശബ്ദം, താളത്തിൽ മുഴങ്ങീ,
ഓരോ ഇടിയ്ക്കുമൊരോർമ്മ നൽകീ.
പാക്ക് വെട്ടിൻ്റെ മൂർച്ചയിൽ, അടക്കതൻ
ചെറിയ കഷണങ്ങൾ ചിതറീടുമ്പോൾ,
മാൻകൊമ്പിൻ പിടിയുള്ള കത്തിതൻ തിളക്കത്തിലാ -,
യെരിവുള്ള നാടൻ തളിർവെറ്റില മെല്ലെ മുറിച്ചിടുമ്പോൾ.
ഒരു കാലം നിറഞ്ഞുതുളുമ്പിയ സ്നേഹത്തിൻ
ഓരോ നിമിഷവുമോർമ്മയിലുറങ്ങുന്നു;
വെറ്റിലത്തളിരിൻ പച്ചയും, അടക്കതൻ
നാടും, ചുണ്ണാമ്പിൻ വെളുപ്പുമെല്ലാം.
മാൻകൊമ്പിൻ കത്തിയും, പാക്ക് വെട്ടിയുമിന്ന്,
നിശ്ചലം, നോവുന്ന ശൂന്യതയിൽ!
നടുവിരൽ നഖത്താൽ, നാരുകളോരോന്നും
ഒടുവിട്ടു വലിച്ചു കളഞ്ഞീടും നേരം,
അറ്റങ്ങൾ പൊട്ടിച്ചു, ചെന്നിയിൽ ഒട്ടിച്ചും,
വെറ്റിലയൊരുക്കും നിമിഷമെന്നും!
മോതിരവിരലിനാൽ, ചുണ്ണാമ്പ് മെല്ലെ തേച്ചീടും,
നേർത്തൊരു സുഗന്ധ ചുണ്ണാമ്പിൻ മണമുയർന്നീടും!
ആ മുറുക്കാനിൻ മണം, ആഴത്തിലാത്മാവിൽ,
അന്നുമിന്നുമൊരു ലഹരിയായി!
അതു വെറുമൊരു ശീലമായിരുന്നില്ല, സ്നേഹത്തിൻ
കാവ്യമായിരുന്നെൻ്റെ ബാല്യത്തിന്!
അപ്പുറം, ചാരുകസേരയിൽ ചാഞ്ഞുകിടന്നപ്പൂപ്പൻ,
മുറുക്കിൻ്റെ നീറ്റൽ തീരും മുൻപേ,
ചാരത്തു വെച്ചൊരാ കോളാമ്പി ലക്ഷ്യമാക്കി,
ചുവന്നു തുപ്പി ചിരിച്ചീടുമ്പോൾ!
അതിൻ്റെ ലോഹത്തിൽ, ആവി പറന്നുപോം,
അന്നൊരാ കാഴ്ചയുമൊരോർമ്മയായി!
ഒന്നിച്ചിരുന്നോരാ നാളുകളോർമ്മയായി.
കോളാമ്പിപോലുമിന്നെന്തോ മൊഴിയുന്നൂ,
അപ്പൂപ്പൻ്റെ ചുമയില്ലാത്ത ശൂന്യത.
ഉച്ചയൂണിൻ ശേഷം, വിശ്രമിച്ചീടുമ്പോൾ,
നാവിലൂറുന്നൊരു മധുരമാണോർമ്മ!
നാട്ടുകവലയിലെ, സൗഹൃദം തേടുമ്പോൾ,
"ഒന്ന് മുറുക്കിയിട്ടാവാം" എന്ന് മൊഴിയുമ്പോൾ!
നാടൻ കടയിലെ, റാന്തൽവെളിച്ചത്തിൽ,
നൽകിയ മുറുക്കാൻ പൊതി, ഓർമ്മയില്ലേ?
ആ മഞ്ഞക്കടലാസിലെ, വെറ്റിലച്ചുവപ്പുകൾ,
സൗഹൃദത്തിൻ്റെ നിറങ്ങളായിരുന്നു!
മുറുക്കാൻ പൊതിയിലെ സൗഹൃദച്ചൂരുമിന്ന്,
ഓർമ്മതൻ കായലിൽ അസ്തമിച്ചോ!
ഓർമ്മകൾ തൻ പുഴയൊഴുകി നീങ്ങുമ്പോൾ,
കുളക്കടവുമൊരോർമ്മയായി മുന്നിൽ;
മുറുക്കിൻ്റെ ചൊരുക്കിൽ, കാലൊന്നു പിഴച്ചപ്പോൾ,
കുളത്തിലെന്നോ ഞാൻ വീണു പോകെ,
മുറപ്പെണ്ണു പൊന്നാമ്പൽ പോൽ നീന്തിയെത്തി,
കൈകോർത്തു മെല്ലെ പൊക്കിയെടുത്തൂ!
ആ ചിരി, ആ മുഖം, ഇന്നുമെൻ മുന്നിൽ,
മായത്ത ചിത്രമായ് നിൽക്കുന്നു.
അവളുമിന്നേകയാ, എങ്ങോ മറഞ്ഞുപോയി,
ഹൃദയത്തിൻ തീരാത്ത വിരഹമായി!
ഒരു കാലം നിറഞ്ഞുതുളുമ്പിയ ജീവിതം,
ഇന്നീ ചെല്ലം പോലെ ശൂന്യമായി!
നഷ്ടങ്ങളെത്രയോ, ദുഃഖങ്ങളെത്രയോ,
അടങ്ങാത്ത നോവായി മനസ്സിലുറങ്ങുന്നു!
വെറ്റിലച്ചെല്ലമെന്നോർമ്മതൻ പേടകം,
കാലം മായ്ക്കാത്ത ചിത്രങ്ങൾ,
ഒരു കാലം, ഒരു സ്നേഹം, ഒരു തറവാടിൻ്റെ
ആത്മാവുറങ്ങുന്നൊരില്ലത്തിൻ്റെ!
ഇന്നീ നിശബ്ദതയിൽ, തനിച്ചിരിക്കുമ്പോൾ,
ആ നോവാർന്ന സ്മരണകൾ തേടുന്നു ഞാൻ.
മുറുക്കിൻ്റെ ചുവപ്പിൽ, വെങ്കലവെറ്റിലച്ചെല്ലത്തിൽ,
മായുന്നൊരോർമ്മതൻ സുഗന്ധകാലത്തിൻ നിഴൽ ചിത്രം!