ഇഞ്ചിമിഠായിപ്പൊതിയിലെ മായാത്ത സ്വർഗ്ഗം

മധ്യവേനലവധിക്കാലം,
ബാഗു പൂട്ടുമ്പോൾ മനസ്സു നിറയും;
ബന്ധുവീടിൻ ചിരിയും കളികളും,
ഓർമ്മയിലൊരുത്സവം പൂവിടും.

യാത്രയ്ക്കായ് ബസ്സിലേറുമ്പോൾ,
മറക്കാത്തൊരു മുഖമുണ്ട് മനസ്സിൽ;
മുത്തശ്ശി, കൈവട്ടത്തിൽ കരുതിയ
കുഞ്ഞു പാക്കറ്റിലെൻ സ്വർഗ്ഗം!

ഓരോ യാത്രയും ഒരുത്സവം,
ബസ്സിലെൻ ജാലകച്ചാരേ ഞാൻ;
കാറ്റിനോളം മുന്നിൽ പാറും,
ദൂരെയതാ കേൾക്കുന്നു നീട്ടിവിളി:
"ഇഞ്ചിമിഠായി, ഇഞ്ചിമിഠായി!"
"അഞ്ചു രൂപയ്ക്ക് അഞ്ചു മിഠായി!"

അതിനിടയിൽ വേറെ ശബ്ദങ്ങൾ,
"കടല... കടല..."യെൻ നീട്ടിവിളി;
"സേഫ്റ്റിപിന്നെ, സേഫ്റ്റിപിന്നെ..."യെന്നതും,
"അയമോദക സത്ത്, വായുഗുളിക... വായുഗുളിക..."യും.

ഓടുന്ന വണ്ടിയിൽ മണി അടിച്ചാൽ ഓടികയറും പിന്നെ ചാടും,
ഒരു തിരക്കിൻ കണക്കവൻ;
തലയിൽ തൂവാല കെട്ടിയൊരാൾ,
ചിരിയുമായിട്ടവൻ ഓടിവരും;
പെട്ടി നിറയെ മധുരവുമായി,
"എങ്ങോട്ടാ മോനേ... സുഖം തന്നെയല്ലേ?"
ചോദ്യത്തിൽ നിറയും സ്നേഹം,
ഒപ്പം ഒരു വാക്കും മനസ്സിൽ:
"നന്നായി പഠിക്കണം,പരീക്ഷ ജയിച്ചു വലിയ ആളാവണം!"
ബാല്യത്തിൻ മായാത്തൊരു ചിത്രം.

മഞ്ഞളിൻ നിറവും ശർക്കരപ്പശയും,
ഇഞ്ചിയുറഞ്ഞൊരു തീവ്രരസം;
വായിലിടുമ്പോൾ അലിയുന്നതൊരു
മുത്തശ്ശിക്കൈകളുടെ ചൂടും സ്നേഹവും.
അന്നത്തെ എരിവിനും ഒരു സുഖമുണ്ടായിരുന്നു,
ഇന്നതില്ല, ആ മാധുര്യവും!
യാത്രയിൽ കാഴ്ചകൾക്ക് ഒരു രുചിയായി അത്,
ഉറങ്ങാതെ നോക്കി ഞാൻ മിഴികളെ,
ഇഞ്ചിമിഠായി തൻ മാന്ത്രിക സ്പർശത്തിൽ!

നാട്ടിൻപുറത്തെ പുതിയ കൂട്ടുകാർ,
അപരിചിതത്വത്തിൻ മൗനം ഭേദിച്ച്,
നമ്മൾ വാങ്ങിയ മിഠായി നീട്ടി,
സൗഹൃദത്തിൻ വാതിൽ തുറന്നു.
ഇഞ്ചിമിഠായി ഞാനുമവർക്കും നൽകി,
പുതിയ കൂട്ടുകാരെ പാട്ടിലാക്കാൻ!
അതൊരു മിഠായിയായിരുന്നില്ല,
ഒരു നാടിൻ ഗന്ധം, വീടിൻ ഹൃദയം;
അമ്മയും മുത്തശ്ശിയുമൊത്തൊരു
കുഞ്ഞുകാലത്തിൻ മധുരനിലാബ്ദം.

എന്നാലിന്ന്...

ചൂടുള്ള കൈകളും, ചിരിക്കുന്ന മുഖവും,
ചൊല്ലിയ കഥകളും മാഞ്ഞുപോയി;
ഓരോ യാത്രയിലും തേടുന്നുണ്ടെങ്കിലും,
നിറയുന്നിന്നെൻ മിഴിയിൽ നനവാർന്ന ഓർമ്മകൾ.

അകന്നവരെൻ ജീവിതാകാശത്തിൽ,
നക്ഷത്രങ്ങളായി മിന്നുന്നു ദൂരെ;
ഇഞ്ചിമിഠായി തൻ രുചിയിലുമേറെ,
നഷ്ടത്തിൻ കയ്പ്പും മധുരവും ചേരുന്നു.

ആ വിളിപ്പാടുകൾ ഇന്ന് കേൾപ്പില്ല,
കാഴ്ചകൾ മാഞ്ഞു, കാലം മാറി;
കടലക്കാരനും, ഗുളികക്കാരനും,
ഇഞ്ചിമിഠായിക്കാരൻ പോലും –
ഓർമ്മയിലൊതുങ്ങുന്നു മായക്കാഴ്ചകൾ.
കുശലം ചോദിക്കാൻ ഇന്ന് ആരുമില്ല!
"വലിയ ആളാവാമോ?" ചോദിച്ചവരുമില്ല.

ഇന്നത്തെ ഇഞ്ചിമിഠായിക്ക് സ്നേഹമില്ല,
തനി നാടൻ കൂട്ടുകെട്ടില്ലതിനെങ്ങും;
പകരം നൽകുന്നതൊരു കയ്പ് നീരാണ്,
മോശം കൂട്ടായ്മ തൻ മധുരമില്ലായ്മ!

ഇന്നതൊരു ഓർമ്മ മാത്രം,
പുതിയ ലോകത്തിൻ വേഗത്തിൽ;
പക്ഷേ, ഒരു മഴ വരുമ്പോൾ,
അടുക്കളയിൽ വീണ്ടും പൊലിയും.

മുത്തശ്ശി തൻ സ്നേഹം പോലെ,
ഇഞ്ചിമിഠായി പിന്നെയും വിരിയും;
അന്നത്തെപ്പോലൊരു കുട്ടിത്തിളക്കത്തിൽ,
മധുരം ഓർമ്മകൾ കണ്ണീരോടെ പൂക്കും.
ഓരോ മിഠായിത്തുണ്ടിലും ആ വാക്കുകൾ മുഴങ്ങും:
"നന്നായി പഠിക്കണം, വലിയ ആളാവണം!"
കൂട്ടായി ആ കാഴ്ചയും: "ഒരിക്കലും ഉറക്കം വരില്ല!"
പുതിയ സൗഹൃദങ്ങൾ തീർത്തൊരു മാന്ത്രികപ്പൊതി!

കവിതയിൽ അങ്ങനെ ഒക്കെ പറയാം നമ്മൾ എങ്ങും എത്തിയില്ല 😂😂😂😂😂

അഭിപ്രായങ്ങള്‍