വിശാലമായ കാഴ്ച


കാണുക വേണം തെളിഞ്ഞ ലോകം,
മങ്ങിയ വിചാരത്തിമിരമേകി
മറഞ്ഞിടും സത്യത്തിൻ തേജസ്സെന്നും
വെളിച്ചത്തിൽ കണ്ണുകൾ കാണണം നാം.
അന്ധത തീർന്നു, മായാമോഹം തട്ടി,
ചിത്തത്തിൽ നീതിതൻ ദീപമുയരട്ടെ.
അജ്ഞാനമാം കൂരിരുൾ മാഞ്ഞുപോകുമ്പോൾ,
അന്തരംഗത്തിൻ ദർശനം തെളിയും.
ഹേ! മാനുഷാ, നീയുണരൂ വേഗമേ,
അതിനിടയിൽ നിദ്രയിൽ ലയിച്ചിടൊല്ലേ!


മാനസകണ്ണട ധരിക്ക നീതിയിൽ,
മറച്ച കാഴ്ചകൾ വിരിയട്ടെ താനെ.
അവകാശങ്ങൾ ഒളിച്ചിടുങ്ങിയോരീ
മിണ്ടാതിരിപ്പിൻ മുഖമുതിർക്ക നീ ധീരം.
ബലഹീനർ തേങ്ങുമാ ദുരിതമാം ശബ്ദം,
അവഗണനയാൽ പൊലിയും മൗനം;
അഴലിന്റെയാഴം തിരിച്ചറിയാതെ
അലസരായ് നാം പോവതെന്തിനോ ലോകേ?
സ്വാർത്ഥതൻ ദുർഗന്ധം നമ്മിൽ നിന്നുയരുമ്പോൾ,
സഹജീവി വേദന എങ്ങനെ നാം കാണും?


വംശമതീയ ഗർവമുയർത്തി ഭ്രാന്തേകി,
വേരുറച്ചീടുന്നു സാമൂഹ്യ വൃക്ഷം.
അന്യന്റെ ദുഃഖം അറിയാതെ പോകും,
അസഹിഷ്ണുതയെന്ന കൂരിരുൾ മുറ്റുന്നു.
ഇരുളിൽ മറച്ചതാം മാനുഷിക മൂല്യം,
അവകാശമില്ലാത്തോരീ ജീവിതമെല്ലാം,
സഹതാപമില്ലാത്തൊരന്ധത നമ്മിൽ
ശോഷിപ്പിച്ചു കളഞ്ഞുവല്ലോ ജീവനേ!
വിഷവൃക്ഷത്തിൻ കായ്കൾ ഭക്ഷിച്ചിടുന്നോർ,
വിനാശത്തിൻ ഗർത്തത്തിലാണ്ടിടുമെന്നോർക്കുക.

മാനുഷികത്വത്തിൻ ദാഹം കെടുത്തും,
മാന്യതയ്ക്കാളായീ നാം തന്നേ ശത്രു.
കുടിയേറ്റരുടെയും കഠിനമൊഴികൾ
കാണാതെ പോകേണ്ടതല്ലവേ, മാനുഷാ!
അരികുവൽക്കരിച്ചീടുന്ന ജീവിതം,
അവഗണിക്കപ്പെട്ടൊരാത്മാവിൻ തേങ്ങൽ;
അറിയാതെ പോകാതെ ശ്രദ്ധിക്കേണം നാം,
അനുതാപത്തിൻ കൈകൾ നീട്ടീടേണം.
കരുണയില്ലാത്തൊരു ലോകമെത്ര ഭീകരം,
ആക്രോശക്രോധ കരങ്ങൾ സാധുവിന്നും ഇളം പിഞ്ചിനും നാരിമൊഞ്ചിന്നും മഞ്ചലിനു അളവിടുമ്പോൾ
കാണാത്ത കണ്ണുകളേ, നീയുണരൂ!

കണ്ണട ധരിച്ച മനസ്സുകൾക്കെന്നും,
കാഴ്ചയുടെ വെളിച്ചമൊരു തീർത്ഥമാകട്ടെ.
മനോഭ്രമങ്ങൾ ദൂരെയാക്കി നീങ്ങീടാൻ,
മനസ്സുതുറന്നുകൊൾവിൻ നാം സ്നേഹത്താൽ.
സങ്കുചിത ചിന്തകൾ മാറ്റി, സത്യത്തിൽ
സഹജീവി സ്നേഹം വളർത്തിയേക്കാം.
ദുരഭിമാനത്തിൻ കടുഞ്ചങ്ങലകൾ
പൊട്ടിച്ചെറിഞ്ഞീടാം ധൈര്യമായി.
പരംപൊരുളാണല്ലോ മാനുഷിക സ്നേഹം,
അതു വെടിഞ്ഞീടൊല്ലേ സകല ജീവികളും!


പുതിയ ഭാവങ്ങൾ നേരിലാക്കാൻ വേഗം,
പുതിയൊരു കണ്ണട ഘടിപ്പിക്കണം നാം.
സത്യത്തിൽ വെളിച്ചമാകാനായ്,
സ്നേഹമൊരു ദീപമാകട്ടെ എന്നെന്നും.
അസൂയയും വിദ്വേഷവും ദൂരെയാക്കി,
സമഭാവനയുടെ ദീപം കൊളുത്തീടുക.
അവനവനൊരാത്മസുഖത്തിനായ് മാത്രം
അപരനെ തേങ്ങുന്ന കാഴ്ച മാറ്റീടുക.
ലോകമെങ്ങും സ്നേഹത്തിൻ സുഗന്ധം വീശട്ടെ,
ശാന്തിതൻ ദൂതുമായ് പ്രഭാതമുദിക്കട്ടെ!


കണ്ണട വെറും ദൃശ്യത്തിനല്ല,
ഹൃദയത്തിൻ ദർശനം തേടണം നാം.
നീതിതൻ തീവ്രപ്രകാശത്തിലൂടേ
സത്യത്തിൻ പാതയിൽ മുന്നേറണം നാം.
മാനുഷികതയുടെ നേർക്കാഴ്ചയിതു,
മഹിതമാം ലോകം പിറക്കുവാനായ്.
അറിയുക, പ്രകാശമാർഗ്ഗം സ്നേഹം മാത്രം,
അതിലേറി മുന്നേറുക ധീരമായി.
ലോകർക്കെല്ലാം ഒരുപോൽ ഭാവനയേകി,
പുതുയുഗത്തിൻ നാന്ദിയാകട്ടെ ഈ കാഴ്ച!

അഭിപ്രായങ്ങള്‍